ആത്മസംഗീതം വായില്‍ തോന്നുന്നത്‌........ പാട്ട്

2009, ഏപ്രിൽ 9, വ്യാഴാഴ്‌ച

പ്രവാസിയുടെ സ്വപ്നം

ഒരു സ്വപ്ന നൌകയില്‍ തുഴയെറിഞ്ഞ്
ഓര്‍മ തന്‍ സാഗരം ഞാന്‍ കടന്നു
അകലെയാ സുന്ദര ശ്യാമ മനോജ്ഞമാം
മലയാള നാട്ടിലായ് എത്തിടുന്നു
തൊടിയിലെ തൈ മാവ് പൂത്തുവെന്നോ
ഇടവ പെരുമഴ തിമിര്‍ത്തുവെന്നോ
കരിനിറ പൂവാലി കന്നിനെ പെറ്റെന്നോ
കുശലങ്ങള്‍ ഒക്കെയും കേട്ടിടുന്നു
ഒരു വേള ഞാന്‍ എത്തി ഓര്‍മ്മകള്‍ തന്‍
പൂമരം പൂക്കുന്നോരങ്കണത്തില്‍
ഒരു നാളില്‍ വിഹരിച്ച പഴയ വിദ്യാലയം
കുളിരാര്‍ന്ന സ്മരണകള്‍ നല്‍കിടുന്നു
നട ചെയ്തു ഞാന്‍ നാട്ടു വീഥികളില്‍
വയലും കുളങ്ങളും കണ്ടു നീങ്ങി
ഒഴുകുന്ന പുഴ തന്റെ പുളിനങ്ങളില്‍ പോയി
ഒരു കുളിര്‍ കാറ്റു നുകര്‍ന്ന് നിന്നു
ഒടുവില്‍ ഞാനെത്തി ആ പുരയിടത്തില്‍
കായഫലം തിങ്ങുന്ന തേന്‍ വരിക്ക,
കുല നീര്‍ത്തി നില്ക്കുന്ന ചെങ്കദളി ,
കതിരിട്ട മാകന്ദ തേന്‍ കനികള്‍
തളിരിട്ട സുരലോകമെന്ന പോലെ
ഒരു നല്ല സദ്യ ഭുജിക്കുവാനായ്
ഇലയിട്ടു ഞാനിരുന്നെന്റെ വീട്ടില്‍
തിരുവോണ നാളിലെ വിഭവങ്ങളോരോന്നും
രുചിയോടെ ഭക്ഷിച്ചു തൃപ്തനായി
സ്നേഹിതര്‍ കൂടുന്ന കവലയില്‍ കടകളില്‍
കുശലങ്ങള്‍ ചൊല്ലി പറഞ്ഞിരുന്നു
ആരോ വിളിച്ചു തിരിഞ്ഞു ഞാന്‍ നോക്കവേ -
ആരോ വിളിച്ചു തിരിഞ്ഞു ഞാന്‍ നോക്കവേ -
ഒരു നല്‍ കിനാവിതാ പോയ് മറഞ്ഞു
സഹവാസി പേര്‍ ചൊല്ലി ഉണര്ത്തിയെന്നെ
ഉരുകുന്ന മരുഭൂവില്‍ തിരികെയെത്തി !

1 അഭിപ്രായങ്ങള്‍:

2009, ഏപ്രിൽ 9 1:41 PM ല്‍, Blogger വീകെ പറഞ്ഞു...

അത്ര പെട്ടെന്നൊന്നും നടക്കാനിടയില്ലാത്ത,
എന്നാൽ ദിവസവും കാണാൻ കൊതിക്കുന്ന
ഒരു നല്ല സ്വപ്നം.
നല്ല കവിത.

ആശംസകൾ.

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം