ആത്മസംഗീതം വായില്‍ തോന്നുന്നത്‌........ പാട്ട്

2009, ഏപ്രിൽ 23, വ്യാഴാഴ്‌ച

പൂങ്കുയില്‍ പാട്ട്

തേന്‍ മൊഴി പാട്ടുമായ് പൂങ്കുയിലേ
നീ തേടുന്നതാരെയീ കാനനത്തില്‍
ഏതോ മനോജ്ഞമാം ഹരിത നികുഞ്ജത്തില്‍
ഏകാകിയായി നീ പാടിടുന്നു എന്നും
ഏകാന്ത പഞ്ചമം പാടിടുന്നു

മാസ്മര സന്ധ്യയില്‍ മാനത്ത് മേഘങ്ങള്‍
മാലേയമണിയുന്ന നേരത്തിതാ നിന്റെ
ചേതോഹരാര്‍ദ്രമാം ഗീതികള്‍ തൂവുന്ന
ഏതോ വികാരങ്ങള്‍ എന്ന പോലെ
ദൂരെ സായന്തന പക്ഷി പാറിടുന്നു

കാനന പൂഞ്ചോല ഏറ്റു പാടി നിന്റെ
കാതിലായ് തേനൂറും ആര്‍ദ്ര ഗാനം
ഈണങ്ങളായ് മാറി ഓളങ്ങളില്‍ എന്നും
ഈറന്‍ കുളിര്‍ മേനി നൃത്തമാടി

ചാരെയീ മാരുതന്‍ തേടിയെത്തി തൂകും-
രാഗ വിരാവങ്ങള്‍ ഏന്തി മെയ്യില്‍
മെല്ലെ പകര്‍ന്നിതാ വല്ലിയില്‍ പൂക്കളില്‍
ചില്ലയിന്‍ കൈകളാം പച്ചില കൂട്ടത്തില്‍
എല്ലാം മറന്നവര്‍ നൃത്തമാടി

മാന്‍പേട മെല്ലെ തലയുയര്‍ത്തി യുഗ്മ-
മൈനകള്‍ മണ്ണില്‍ പറന്നിറങ്ങി
മാകന്ദ ശാഖിയില്‍ മൂളും കപോതങ്ങള്‍
മാന്‍പെഴും പാട്ടിനായ് മൂകമായി
ന്ദസ്മിതം തൂകി അഞ്ചിതള്‍പ്പൂ

പഞ്ചമം തൂകുന്ന രാഗാര്‍ദ്ര ഭാവങ്ങള്‍
ചെഞ്ചായമണിയിച്ച കുഞ്ജരാസ്യന്‍
കൊഞ്ചിക്കലമ്പുന്നൊരാഴിതന്‍ മേനിയില്‍
ചുംബിച്ചു മന്ദം മറഞ്ഞിടുന്നു എങ്ങും
ശ്യാമാഞ്ജി മെല്ലെ പടര്‍ന്നിടുന്നു

ആരെയോ തേടി നീ പാടുന്ന ഗാനങ്ങള്‍
ആരോമലാമിടക്കാഭയേകി
രാഗാര്‍ദ്രമാകുന്ന ചേതോവികാരങ്ങള്‍
ആരിലും നല്കുന്ന പൂങ്കുയില്‍ നീ
രാഗ ധാരയിന്നേകുന്നു മാനസത്തില്‍

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം