ആത്മസംഗീതം വായില്‍ തോന്നുന്നത്‌........ പാട്ട്

2009, മേയ് 21, വ്യാഴാഴ്‌ച

വേണു

ഏതോ ഹരിത നെടുമുള ഗണത്തിലായ്
ചേതോ ഹാരിയാം രവ ജനിക നീ പിറന്നു
ഓതീ കാതിലായന്ന് മാരുതന്‍ നാദവിദ്യ
കൊതി പെരുകീ നിന്നില്‍ അവയേറ്റുപാടുവാന്‍

മുളയാര്‍ന്നുയര്‍ന്ന മോഹമതു, ചേര്‍ന്നു നില്ക്കും
മുളയോടുരസി നോക്കി നീ പാട്ടു പാടുവാന്‍
കുളിരാര്‍ന്നുതിര്‍ന്നു ചെറു നാദം അമൃതമായ്‌
തെളിവാര്‍ന്നു തൂകി ഹര്‍ഷമുള്‍ത്തടത്തിലായ്

കൊതിയോടെ കാത്തിരുന്നു നീ കാറ്റു നിന്‍മേനി
പതിയെ തലോടി ഗീതികള്‍ തൊട്ടുണര്‍ത്തുവാന്‍
മിതമാര്‍ന്നുയര്‍ന്ന ചെറു രാഗ മിവയൊന്നും
മതിയാവില്ല എന്നാര്‍ത്തു നീ അന്തഃരംഗത്തിലായ്‌

ഒരു നാളില്‍ നീ അറിഞ്ഞൊരു കൂര്‍ത്ത കത്തി തന്‍
മുറിവേല്‍ക്കെ പിടഞ്ഞിടറി ഗണത്തില്‍ നിന്നും
പിരിയുന്നു കൂട്ടുകാര്‍ കുലമേവരില്‍ നിന്നും
തിരിച്ചലില്ലാത്തുലക തത്ത്വമെന്ന പോല്‍

ചെറുതാകുമൊരവസ്ഥയില്‍ നിന്നോരുവനെ
വലുതാക്കുവാന്‍ പ്രകൃതി ഏകുന്ന നൊമ്പരം
പെണ്ണിനായ് ഏകുന്നു പേറിന്റെ താപം കടും -
ണ്ണിലഴിയും സുമന രേണുവിന്‍ ദൂനത

കളിത്തോഴരെ പിരിഞ്ഞു മയ്യല്‍ തീരും മുമ്പെ
തുളച്ചു നിന്‍ മേനി സുഷിരങ്ങള്‍ തീര്‍ത്തിതില്‍
മുറിച്ചിതാ തിടമ്പ് ചെറു തുണ്ടമായിതാ
ഉറച്ചു വ്യസനമതു നിന്റെ ഉള്ളിലായ്‌

കിടന്നു നീ തളര്‍ന്നതിവ്യസന ഭാവമായ്‌
എടുത്തുവോ നിന്നെ ആരോ കരങ്ങളില്‍
അടുത്തു നിന്‍ മേനി അവന്റെ ചുണ്ടിലായി
പടര്‍ന്നിതാ മെയ്യില്‍ വായു ജീവനെന്നപോല്‍

അത്ഭുതം നല്കി നിന്നില്‍ നിന്‍ രാഗവൈഭവം
കുളിര്‍ത്തിതാ മേനി
നിന്നിലോഴുകും പാട്ടിലായ്‌
മറന്നു നീ നിന്നിലെ നൊമ്പരം ഒരു മാത്ര-
തളിര്‍ത്തു നിന്നുള്ളില്‍ നിന്‍ ജന്മ സായു‌ജ്യം

ഉതിര്‍ത്ത രാഗത്തില്‍ അലിഞ്ഞു നിന്‍ വിഷാദം
തുടര്‍ന്നനുസ്യു‌തം ആനന്ദ രാഗ ഗീതകം
പറന്നു ചേക്കേറി പല മനസുകള്‍ക്കുള്ളില്‍
ഉയര്‍ന്നിടുന്നിതാ നിന്‍ ഗാന മാധുരി

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം