ആത്മസംഗീതം വായില്‍ തോന്നുന്നത്‌........ പാട്ട്

2009, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

രാഗം- പാട്ട്

രാഗം തരള മധുര ധ്വനി ഉതിരും രാഗം
യാമം കുളിരരുവി ഒഴുകി ഉണരും യാമം
ഒരു സ്വപ്ന തീരം തേടി
ഒഴുകുന്ന വീചികളായ്‌ നാം
ഒന്നായി നാം

ഏതോ പൂങ്കുയില്‍ പാട്ടു മൂളവേ
ഏദന്‍ താഴ്വര ചോലയായി നാം
ഏകാന്ത സന്ധ്യയില്‍ എന്നും
ഏകുന്നു തമ്മില്‍ തമ്മില്‍
സ്നേഹാനുരാഗം

മേലേ താരക പൂ പൂക്കവേ
നീളേ പൂനിലാ പാല്‍ തൂകവേ
കരളിന്‍റെ ഉള്ളില്‍ നിന്നും
കിനിയുന്ന മോഹന ഭാവം
കുളിരാര്‍ന്ന ഭാവം

2009, ജൂലൈ 24, വെള്ളിയാഴ്‌ച

റൊമാന്റിക്‌ പാട്ട് 4

ഇന്നു നീ എന്‍ ചാരെ വന്നുവല്ലോ
എന്നനുരാഗ വിമൂകതയില്‍
ഇന്നീ നിലാവില്‍ ഈ നീല രാവില്‍
ഇന്ദീവരമായ്‌ നീ വിടര്‍ന്നു

രജനി തന്‍ നീല കമ്പളത്തില്‍
രജത പരാഗങ്ങള്‍ പൊഴിയുമ്പോള്‍
കരനഖ മുനയാല്‍ കായലിന്‍ മാറില്‍
കവിതകള്‍ എഴുതിയ പൂങ്കാറ്റില്‍

അധരങ്ങള്‍ മന്ത്രിച്ചു സ്നീഹഗീതം
അകതാരിലുയരുന്ന പ്രേമഗീതം
ഏതോ ഉന്മാദ കമനീയ നൗകയില്‍
രാഗ സരോവര വീചികളില്‍

2009, ജൂലൈ 13, തിങ്കളാഴ്‌ച

അഷാഢം

പുതുമാരി ചൊരിയുന്നൊരാഷാഢമേ
മണ്ണില്‍ ഇള നാമ്പ് വിരിയുന്ന മധുമാസമേ
ഉള്ളില്‍ ഒരു തീര്‍ത്ഥമായ്‌
തുള്ളി പനിനീര്‍ തരു‌
എന്നില്‍ എരിയുന്ന വേനലില്‍ കുളിരായ്‌ വരു‌

മാരിവില്‍ പൂക്കുന്ന പൂങ്കാവനം
വാനം , ഋതു ശോഭ ചേതോഹരം
കാര്‍മുകില്‍ തേരോടുമീ സന്ധ്യയില്‍
മാന മൊരു വേള തേങ്ങുന്നുവോ
അരുണനോ പോയ് മറഞ്ഞു
അവനി വിരഹമാര്‍നിന്നു നില്‍പ്പൂ
ഒരു കുളിര്‍ തെന്നല്‍ അലകളായ് വന്നു
പകരുന്ന മൃദു സ്വാന്തനം

പൂങ്കിനാക്കള്‍ പൂത്ത പൂവാടിയില്‍
എന്നും ഒരു നൂറു പൂക്കള്‍ കൊഴിഞ്ഞു
വിരിയുവാന്‍ വെമ്പുന്ന പൂമൊട്ടുകള്‍
ഇന്നീ എരിവേനലില്‍ വാടിടുന്നു
കുളിരുമായ്‌ നീ വരില്ലേ
മനസ്സില്‍ മധുകണം പെയ്തിറങ്ങാന്‍
കനവുകള്‍ തൂകും ഒരു കുളിര്‍ മാരി
പൊഴിയുന്ന മമേഘമായ്

2009, ജൂൺ 3, ബുധനാഴ്‌ച

ജന്മാന്തരം -ഗദ്യം

മുറ്റത്തു മഴ തകര്ത്തു പെയ്യുന്നു
ആകാശത്തു കരിമേഘങ്ങളെ മേയിച്ച് കൊണ്ടു
കൂട്ടില്‍ കയറ്റിയ ഇടയന്‍ മിന്നല്‍ചാട്ട ചുഴറ്റി അടിച്ചമറുന്നു
ഓടിന്റെ ചരുവില്‍ നിന്നും വെള്ളത്തുള്ളികള്‍
താഴെ വീണു ചാലുകളില്‍ പതിച്ചോഴുകുന്നു
ഇലകളില്‍ നൃത്തം പകരുന്ന തുള്ളികള്‍ !
ഈ തുള്ളികള്‍ക്ക് ഒരു ആത്മാവുന്ടെങ്ങില്‍
അവ ഒന്നായി ചേരുമ്പോള്‍ പല ആത്മാക്കളോ
അതോ ആത്മാക്കളുടെ ലയനമോ
പല ജന്മങ്ങള്‍ കടന്നല്ലേ അവ ഇവിടെ എത്തിയത്
എല്ലാം നിര്‍ണയിച്ചു കാലം
ആകാശത്തു നിന്നും ഉതിരുന്നതിനു മുന്പ് അനേക ജന്മങ്ങള്‍
ഓടിന്റെ തുമ്പില്‍ നിന്നും താഴെ പതിക്കുന്നതിനിടയില്‍ ഒരു ജന്മം
എങ്കിലും ഏതോ ശക്തിയാല്‍ നയിക്കപ്പെടുന്ന യാത്ര
നീര്‍ ചാലുകള്‍ ഒഴുകുമ്പോഴും അവയുടെ ഗതി നിയന്ത്രിക്കുന്നത് -
പണ്ടേ ഭൂമിയില്‍ കോറിയിട്ട നതോന്നതങ്ങളല്ലേ
എങ്ങോട്ടെന്നറിയാതെ ഏതോ പാതകളിലൂടെ ഉള്ള യാത്ര
എങ്കിലും അവ പോകുന്ന വഴികളുമായി സല്ലപിച്ചു അവയെ അറിയുന്നു
അതിന്റെ ഗന്ധവും നിറവും ഏറ്റു വാങ്ങുന്നു
ഒരു നാളില്‍ അവ പുഴയുടെ ആത്മാവായി മാറുന്നു
അനാദിയായ ആഴിയെ തേടിയൊഴുകുന്ന പുഴകള്‍ !

റൊമാന്റിക് പാട്ട് 2

മാരിമുകില്‍ ചന്തം കണ്ടു പീലി നീര്‍ത്തും പൂമയിലോ
താരകങ്ങള്‍ പൂത്തിറങ്ങും യാമവാനമോ ?
തേരിറങ്ങി താഴെയെത്തും തിങ്കള്‍ കല മാനോ
ആരു നീ അരുകിലെത്തും ആരോമല്‍ ഹംസമേ

നീളേ രാഗ വസന്തം നിന്‍ മിഴിയിതളില്‍ വിടരുകയായ്‌
ചാരേ അണയും കാറ്റില്‍ അസുലഭ ഗന്ധം പകരുകയായ്‌
മണിമുകിലുകള്‍ തേടും പനിമതിയുടെ നാണം
മധുമയമാം ഗാനം ഉതിരുന്നീ യാമം
കനവുകളില്‍ കുളിരമ്പിളി ഉണരുന്നൊരു നേരം

രാവിന്‍ നീല കടവില്‍ രാഗമയീ നീ അണയുമ്പോള്‍
പൂവില്‍ പൂത്ത സുഗന്ധം പാരിടമാകെ പടരുകയായ്‌
നള മുകുളം വിരിയും മതിമണിയുടെ കാന്തി
മധുവിയലും ചൊടിയില്‍ മധു മന്ദഹാസം
മനസുകളില്‍ മണിനൂപുരമിളകുന്നൊരു നടനം

2009, മേയ് 21, വ്യാഴാഴ്‌ച

വേണു

ഏതോ ഹരിത നെടുമുള ഗണത്തിലായ്
ചേതോ ഹാരിയാം രവ ജനിക നീ പിറന്നു
ഓതീ കാതിലായന്ന് മാരുതന്‍ നാദവിദ്യ
കൊതി പെരുകീ നിന്നില്‍ അവയേറ്റുപാടുവാന്‍

മുളയാര്‍ന്നുയര്‍ന്ന മോഹമതു, ചേര്‍ന്നു നില്ക്കും
മുളയോടുരസി നോക്കി നീ പാട്ടു പാടുവാന്‍
കുളിരാര്‍ന്നുതിര്‍ന്നു ചെറു നാദം അമൃതമായ്‌
തെളിവാര്‍ന്നു തൂകി ഹര്‍ഷമുള്‍ത്തടത്തിലായ്

കൊതിയോടെ കാത്തിരുന്നു നീ കാറ്റു നിന്‍മേനി
പതിയെ തലോടി ഗീതികള്‍ തൊട്ടുണര്‍ത്തുവാന്‍
മിതമാര്‍ന്നുയര്‍ന്ന ചെറു രാഗ മിവയൊന്നും
മതിയാവില്ല എന്നാര്‍ത്തു നീ അന്തഃരംഗത്തിലായ്‌

ഒരു നാളില്‍ നീ അറിഞ്ഞൊരു കൂര്‍ത്ത കത്തി തന്‍
മുറിവേല്‍ക്കെ പിടഞ്ഞിടറി ഗണത്തില്‍ നിന്നും
പിരിയുന്നു കൂട്ടുകാര്‍ കുലമേവരില്‍ നിന്നും
തിരിച്ചലില്ലാത്തുലക തത്ത്വമെന്ന പോല്‍

ചെറുതാകുമൊരവസ്ഥയില്‍ നിന്നോരുവനെ
വലുതാക്കുവാന്‍ പ്രകൃതി ഏകുന്ന നൊമ്പരം
പെണ്ണിനായ് ഏകുന്നു പേറിന്റെ താപം കടും -
ണ്ണിലഴിയും സുമന രേണുവിന്‍ ദൂനത

കളിത്തോഴരെ പിരിഞ്ഞു മയ്യല്‍ തീരും മുമ്പെ
തുളച്ചു നിന്‍ മേനി സുഷിരങ്ങള്‍ തീര്‍ത്തിതില്‍
മുറിച്ചിതാ തിടമ്പ് ചെറു തുണ്ടമായിതാ
ഉറച്ചു വ്യസനമതു നിന്റെ ഉള്ളിലായ്‌

കിടന്നു നീ തളര്‍ന്നതിവ്യസന ഭാവമായ്‌
എടുത്തുവോ നിന്നെ ആരോ കരങ്ങളില്‍
അടുത്തു നിന്‍ മേനി അവന്റെ ചുണ്ടിലായി
പടര്‍ന്നിതാ മെയ്യില്‍ വായു ജീവനെന്നപോല്‍

അത്ഭുതം നല്കി നിന്നില്‍ നിന്‍ രാഗവൈഭവം
കുളിര്‍ത്തിതാ മേനി
നിന്നിലോഴുകും പാട്ടിലായ്‌
മറന്നു നീ നിന്നിലെ നൊമ്പരം ഒരു മാത്ര-
തളിര്‍ത്തു നിന്നുള്ളില്‍ നിന്‍ ജന്മ സായു‌ജ്യം

ഉതിര്‍ത്ത രാഗത്തില്‍ അലിഞ്ഞു നിന്‍ വിഷാദം
തുടര്‍ന്നനുസ്യു‌തം ആനന്ദ രാഗ ഗീതകം
പറന്നു ചേക്കേറി പല മനസുകള്‍ക്കുള്ളില്‍
ഉയര്‍ന്നിടുന്നിതാ നിന്‍ ഗാന മാധുരി

2009, ഏപ്രിൽ 28, ചൊവ്വാഴ്ച

പുലര്‍കാല പുഷ്പം

പൊന്നുഷസ്സിലോമല്‍ പൂവേ പുഞ്ചിരിച്ചു നില്‍ക്കയോ
ഗന്ധവാഹി നിന്നെ തൊട്ടു മന്ദമായ് തലോടിയൊ
കനക നൂപുരം മൃദുലമേനിയില്‍ കനവുകള്‍ നല്‍കിയോ
കതിരവന്‍ നിന്നിലേകുമെന്നുമീ പൊന്‍ പരാഗ കിരണം

വെണ്‍ തുഷാരമിയലുന്ന ലോലമാം മേനിയില്‍
പൊന്‍ പളുങ്ക് പോല്‍ പുതു പുനല്‍തുള്ളി ആട ചാര്‍ത്തി നിന്നു
കണ്‍കളില്‍ ഏകുമീ നിന്‍ കോമളാംഗ ഭംഗി
കരളിലായ്‌ തൂകി കനവുകള്‍ പൂക്കും ഒരു കിനാവസന്തം

കാറ്റില്‍ ഓളമിളകി നിന്‍ ചേലെഴും നര്‍ത്തനം
കേട്ടു നിന്‍ കാതില്‍ ചാരുഗീതമായ്‌ നേര്‍ത്ത ദലമര്‍മരം
പുഞ്ചിരി പാലുമായ്‌ നീ കൊഞ്ചി ആടി നില്‍പ്പേ
അഞ്ചിതള്‍ മലര്‍ പല്ലവങ്ങള്‍ നിന്‍ തോഴിമാരെന്നപോല്‍

ഓര്‍ത്തിടുന്നു നിന്നെ നീ ഇന്നു കൊഴിയെങ്കിലും
യാത്രികര്‍ക്കായി നല്കിടുന്നുള്ളില്‍ അരിയ ഹര്‍ഷ കുസുമം
ഏകിടുന്നു ദലജം നീ ചാരു ശലഭങ്ങളില്‍
മൂളിയെത്തുന്ന മധുകരന്‍ പോലും നിന്നെയറിയുന്നുവോ

2009, ഏപ്രിൽ 23, വ്യാഴാഴ്‌ച

പൂങ്കുയില്‍ പാട്ട്

തേന്‍ മൊഴി പാട്ടുമായ് പൂങ്കുയിലേ
നീ തേടുന്നതാരെയീ കാനനത്തില്‍
ഏതോ മനോജ്ഞമാം ഹരിത നികുഞ്ജത്തില്‍
ഏകാകിയായി നീ പാടിടുന്നു എന്നും
ഏകാന്ത പഞ്ചമം പാടിടുന്നു

മാസ്മര സന്ധ്യയില്‍ മാനത്ത് മേഘങ്ങള്‍
മാലേയമണിയുന്ന നേരത്തിതാ നിന്റെ
ചേതോഹരാര്‍ദ്രമാം ഗീതികള്‍ തൂവുന്ന
ഏതോ വികാരങ്ങള്‍ എന്ന പോലെ
ദൂരെ സായന്തന പക്ഷി പാറിടുന്നു

കാനന പൂഞ്ചോല ഏറ്റു പാടി നിന്റെ
കാതിലായ് തേനൂറും ആര്‍ദ്ര ഗാനം
ഈണങ്ങളായ് മാറി ഓളങ്ങളില്‍ എന്നും
ഈറന്‍ കുളിര്‍ മേനി നൃത്തമാടി

ചാരെയീ മാരുതന്‍ തേടിയെത്തി തൂകും-
രാഗ വിരാവങ്ങള്‍ ഏന്തി മെയ്യില്‍
മെല്ലെ പകര്‍ന്നിതാ വല്ലിയില്‍ പൂക്കളില്‍
ചില്ലയിന്‍ കൈകളാം പച്ചില കൂട്ടത്തില്‍
എല്ലാം മറന്നവര്‍ നൃത്തമാടി

മാന്‍പേട മെല്ലെ തലയുയര്‍ത്തി യുഗ്മ-
മൈനകള്‍ മണ്ണില്‍ പറന്നിറങ്ങി
മാകന്ദ ശാഖിയില്‍ മൂളും കപോതങ്ങള്‍
മാന്‍പെഴും പാട്ടിനായ് മൂകമായി
ന്ദസ്മിതം തൂകി അഞ്ചിതള്‍പ്പൂ

പഞ്ചമം തൂകുന്ന രാഗാര്‍ദ്ര ഭാവങ്ങള്‍
ചെഞ്ചായമണിയിച്ച കുഞ്ജരാസ്യന്‍
കൊഞ്ചിക്കലമ്പുന്നൊരാഴിതന്‍ മേനിയില്‍
ചുംബിച്ചു മന്ദം മറഞ്ഞിടുന്നു എങ്ങും
ശ്യാമാഞ്ജി മെല്ലെ പടര്‍ന്നിടുന്നു

ആരെയോ തേടി നീ പാടുന്ന ഗാനങ്ങള്‍
ആരോമലാമിടക്കാഭയേകി
രാഗാര്‍ദ്രമാകുന്ന ചേതോവികാരങ്ങള്‍
ആരിലും നല്കുന്ന പൂങ്കുയില്‍ നീ
രാഗ ധാരയിന്നേകുന്നു മാനസത്തില്‍

2009, ഏപ്രിൽ 13, തിങ്കളാഴ്‌ച

വീണ്ടും മഴ

വാതീകതിരൊളി ഒളിച്ചാകാശ മേഘ -
പാളിക്കുള്ളിലായ് , തൂകീ മിന്നല്‍ ദ്യുതി
മാനത്തുയരുന്നു ഹുങ്കാര രവമെന്നിവ-
ഏകുന്നിതാ എതിരേല്‍പ്പ് നിന്‍ വരവിനായ്

വാന തോപ്പിലൊഴുകി ഒന്നകുമാ കരി-
മേഘ പാളിയില്‍ നിന്നൂര്‍ന്നൊരു തുള്ളിയായ്
തൂകീ നിന്നാദ്യ ജല കണം താഴെയുരുകുന്നോ-
രൂഴീ മുഖത്തുനീയേകി നിന്നാദ്യ ചുംബനം

മെല്ലെ പൊതിഞ്ഞു മന്നിലുതിരുന്ന ശീകരങ്ങള്‍
വല്ലീവപുസിലൊരു കുളിരാര്‍ന്നാലിംഗനം നല്കി
ചൊല്ലിത്തിമിര്‍ത്തുയര്‍ന്നു നിന്‍ 'ചറപറ' യെന്ന-
ഥല്ല്ല്ലിന്‍ ആരോഹണമതിനുദാത്തമായി മാറി

മണ്ണിന്‍ മനം കുളിര്‍ത്തലിഞ്ഞൊഴുകുന്ന
തണ്ണീര്‍ ചാലുകളിയലുന്നോരങ്കണം
മന്നില്‍ വീശുമനിലനാ ജനല്‍ പാളി തുറ-
നെന്നില്‍ പൂശി ജലശീകരമൊരാശംസപോല്‍

പെയ്യും കൊടുമഴയിലുരുവുലഞ്ഞാറാട്ടമാടുന്ന
ചെയ്യപ്പൂ ചൂടും ചെടികളും ചങ്കുരങ്ങളും
പയ്യെക്കുടിച്ചു നീ തൂകുമാ വാരി ആവോളം
മെയ്യില്‍ തളിരിട്ടു പുതു നാമ്പും പുഷ്പകങ്ങളും

എല്ലാം കഴിഞ്ഞൊരു ചാറലായ് മെല്ലെ യാത്ര-
ചൊല്ലി കടന്നു പോകുമ്പോഴും ധരണിയിന്‍-
ഉള്ളിലായ് നീ പെയ്ത ഹര്‍ഷമോരായിരം
പല്ലവാങ്കുരം തീര്‍ക്കുന്നിതീമണ്ണിലായ് .

2009, ഏപ്രിൽ 9, വ്യാഴാഴ്‌ച

പ്രവാസിയുടെ സ്വപ്നം

ഒരു സ്വപ്ന നൌകയില്‍ തുഴയെറിഞ്ഞ്
ഓര്‍മ തന്‍ സാഗരം ഞാന്‍ കടന്നു
അകലെയാ സുന്ദര ശ്യാമ മനോജ്ഞമാം
മലയാള നാട്ടിലായ് എത്തിടുന്നു
തൊടിയിലെ തൈ മാവ് പൂത്തുവെന്നോ
ഇടവ പെരുമഴ തിമിര്‍ത്തുവെന്നോ
കരിനിറ പൂവാലി കന്നിനെ പെറ്റെന്നോ
കുശലങ്ങള്‍ ഒക്കെയും കേട്ടിടുന്നു
ഒരു വേള ഞാന്‍ എത്തി ഓര്‍മ്മകള്‍ തന്‍
പൂമരം പൂക്കുന്നോരങ്കണത്തില്‍
ഒരു നാളില്‍ വിഹരിച്ച പഴയ വിദ്യാലയം
കുളിരാര്‍ന്ന സ്മരണകള്‍ നല്‍കിടുന്നു
നട ചെയ്തു ഞാന്‍ നാട്ടു വീഥികളില്‍
വയലും കുളങ്ങളും കണ്ടു നീങ്ങി
ഒഴുകുന്ന പുഴ തന്റെ പുളിനങ്ങളില്‍ പോയി
ഒരു കുളിര്‍ കാറ്റു നുകര്‍ന്ന് നിന്നു
ഒടുവില്‍ ഞാനെത്തി ആ പുരയിടത്തില്‍
കായഫലം തിങ്ങുന്ന തേന്‍ വരിക്ക,
കുല നീര്‍ത്തി നില്ക്കുന്ന ചെങ്കദളി ,
കതിരിട്ട മാകന്ദ തേന്‍ കനികള്‍
തളിരിട്ട സുരലോകമെന്ന പോലെ
ഒരു നല്ല സദ്യ ഭുജിക്കുവാനായ്
ഇലയിട്ടു ഞാനിരുന്നെന്റെ വീട്ടില്‍
തിരുവോണ നാളിലെ വിഭവങ്ങളോരോന്നും
രുചിയോടെ ഭക്ഷിച്ചു തൃപ്തനായി
സ്നേഹിതര്‍ കൂടുന്ന കവലയില്‍ കടകളില്‍
കുശലങ്ങള്‍ ചൊല്ലി പറഞ്ഞിരുന്നു
ആരോ വിളിച്ചു തിരിഞ്ഞു ഞാന്‍ നോക്കവേ -
ആരോ വിളിച്ചു തിരിഞ്ഞു ഞാന്‍ നോക്കവേ -
ഒരു നല്‍ കിനാവിതാ പോയ് മറഞ്ഞു
സഹവാസി പേര്‍ ചൊല്ലി ഉണര്ത്തിയെന്നെ
ഉരുകുന്ന മരുഭൂവില്‍ തിരികെയെത്തി !

2009, ഏപ്രിൽ 7, ചൊവ്വാഴ്ച

പൂമ്പാറ്റ കുട്ടിപ്പാട്ട്

അല്ലിപ്പൂവില്ലിപൂ കാത്തിരിപ്പൂ
ഉള്ളിലോരിത്തിരി തേനിരിപ്പൂ
തുള്ളിക്കളിക്കുന്ന പൂമ്പാറ്റയെന്തേ
വള്ളി പടര്‍പ്പിന്മേല്‍ വന്നിരിപ്പൂ
ഝില്‍ ഝില്‍ ഝില്‍ ഝില്‍ അണ്ണാരക്കണ്ണാന്റെം
കു കൂ കു കൂ കുയിലമ്മ പെണ്ണിന്റെം
നാദങ്ങള്‍ കേട്ടിട്ട് താളം പിടിച്ചിട്ടു
തത്തി കളിയാടി ഈപ്പൂവിവാ
മാരിവില്‍ ചേലെഴും പക്ഷമല്ലേ
മാനസത്തില്‍ തൂവും ഹര്‍ഷമല്ലേ
മേദിനി മേലെ നീ നര്‍ത്തനം ചെയ്യുമ്പോള്‍
മോദമാം മാധവം തൂകിടുന്നു


2009, ഏപ്രിൽ 6, തിങ്കളാഴ്‌ച

വിഷുക്കണി

വൈശാഖപ്പൊന്‍ പുലരി കണി കാണാനായി
വരവര്‍ണ കതിരൊളി വീശും കതിരവനെത്തുന്നു
മലയാള പൊന്നുരുളിക്കുള്‍കണി കാണിക്കാനായ്
മല നാട്ടിന്‍ മണ്ണില്‍ വിയണ ഫല ജാലമില്ല
കുട്ടനാടിന്‍ പുന്നെല്‍ പറയില്‍ നിറ നെന്മണിയില്ല
നില കണ്ണാടി നോക്കാന്‍ നിളയുമതിന്നില്ല
ഇന്നലെ നീ കണ്ടു മടങ്ങിയ കൊന്ന പൂത്തരുവില്‍
കണികാണാനായിട്ടിത്തിരി കൊന്ന പൂവില്ല
പൊന്നിന്‍ കസവംബരമണിയും മാനവനിവിടുണ്ടോ
മന്നിന്‍ പുതുവത്സര സ്വാഗതമരുളാന്‍ കണി വെക്കാം
മനസുകളില്‍ മുരളിക മീട്ടും കണ്ണനെ വെച്ചീടാം
നന്മകളാം നില വിളക്കിന്‍ തിരികള്‍ തെളിച്ചീടാം

2009, ഏപ്രിൽ 3, വെള്ളിയാഴ്‌ച

റൊമാന്റിക്‌ പാട്ട്

ഒരു മുളം തണ്ടിലൂടെ ഒഴുകീ രാഗ ധാര
ഒരു നാള്‍ കിനാവിലെന്നും വരവായ് പ്രേമവര്‍ഷം
കുളിരാര്‍ന്ന ഗാനാലാപം തഴുകീ കിനാക്കളില്‍
തളിരാര്‍ന്നു മനസ്സിലെല്ലാം വിടരും ഓര്‍മ്മകള്‍
അനഘ രാഗമായ് അതി വിലോലമായ് ഒരു ദേവ സംഗീതം
കനവുകള്‍ തന്നിലാര്‍ദ്രമായ് മനസുകള്‍ സാന്ദ്രമായ്....

പാല പൂത്ത രാവതില്‍ പാല്‍ നിലാവായ് വന്നു നീ
പൂമണം ചൊരിഞ്ഞു നില്ക്കും ഭൂവിതില്‍ പടര്‍ന്നിടാന്‍
രാഗവതിയാകും രാവിലായ് , രാക്കിളിപ്പാട്ടുണര്‍ന്നുവോ
പ്രേമവതി നിന്റെ ചുണ്ടിലായ് തേനല ചാര്‍ത്തുലഞ്ഞുവോ
ചാരെയെത്തും മാനസത്തില്‍ പ്രേമ സായു‌ജ്യം നീ

നിശാഗന്ധി പൂവിടും നിശീഥിനി വീഥിയില്‍
നിലാ പാല്‍കുടം തൂകും നഭോദീപമായി നീ
പാരിലോഴുകുന്ന തെന്നലില്‍ പാരിജാത സുഗന്ധമായ്‌
വേനലലിയുന്ന വേളയില്‍ പെയ്തിറങ്ങുന്ന വര്‍ഷമായ്
മാനസങ്ങള്‍ ഒന്നു ചേര‌ും മൗന സല്ലാപം പോല്‍


2009, ഏപ്രിൽ 1, ബുധനാഴ്‌ച

പൂമരതണലില്‍

തളരുമീ യാത്രയില്‍ ഞാന്‍ ഇളവേല്‍ക്കുവാനായ്
ഒരു വേള നിന്നുവല്ലോ തളിരിട്ട ശാഖി ചാരെ
കുളിര്‍ കാറ്റു വന്നുവെന്നെ പതിയെ തലോടിയോ
തരു ശാഖ പൂവ് തൂകി കുശലം പറഞ്ഞുവോ

കിളികള്‍ പറന്നിറങ്ങി കഥകള്‍ പറഞ്ഞിരുന്നു
മലരും തളിരുമൊന്നായ് ഉലയുന്നു കാറ്റിലായി
മഴവില്‍ ചിറകു വീശും ശലഭങ്ങള്‍ പാറിടുന്നു
മദമാര്‍ന്ന മക്ഷകങ്ങള്‍ മധുവുണ്ടു മൂളിടുന്നു

ഒരുമാത്ര ഓര്ത്തു നിന്നെ, തണലേകും പൂമരം നീ
അരികത്തണഞ്ഞിടുന്നോര്‍ക്ക് അരുളുന്നു മോദമെന്നും
അരുളട്ടെ ഭൂമി നിന്നില്‍ പുനല്‍ , ഭക്ഷം എന്നുമെന്നും
ഒരുനാളും അഴിവിടാതാനന്ദമേകി നില്പാന്‍

2009, മാർച്ച് 31, ചൊവ്വാഴ്ച

കൂട്ടിലെ തത്ത - കുട്ടിപ്പാട്ട്

സുന്ദര സൌവര്‍ണ്ണ കൂടിനുള്ളില്‍ എന്നും
കിളിമകളെന്തിനോ തെങ്ങിടുന്നു
പാല് നല്കി പഞ്ചാമൃതം നല്കിലും
പൈങ്കിളിക്കുള്ളം വിതുംബിടുന്നു
ആകാശ മേടയില്‍ എറുവാനോ
കൂട്ടുകാരൊത്തു പറക്കുവാനോ
ആരിയന്‍ പാടത്തെ പുന്നെല്‍ കതിര്‍മണി
അരുണമാം ചുണ്ടാല്‍ കൊറിക്കുവാനോ
കേള്‍ക്കുന്നു ഞാന്‍ നിന്റെ ഗദ്ഗദങ്ങള്‍
മുറിവേല്‍ക്കും മനസ്സിന്റെ തേങ്ങലുകള്‍
സ്വാതന്ത്ര്യമാകുന്ന തേന്‍ നുകര്‍നീടുവാന്‍
പോവു നീ പൈങ്കിളി പോന്മകളെ

2009, മാർച്ച് 30, തിങ്കളാഴ്‌ച

തരളിത രാവിതില്‍

ഒരു പൂനിലാ പാലരുവി , മണ്ണില്‍ തൂവും
തിങ്കള്‍ , താലോലമൊഴുകും താരകപ്പൂകടലില്‍
പാലോളി തൂകുമീ വേളയില്‍
സന്ദ്രമാമീ വേളയില്‍
ദൂരേയേതോ രാപ്പാടി പാടും
രാവിന്‍ സ്വരമഞ്ജരി .
ആനന്ദ നൃത്തങ്ങള്‍ ആടി
ആയിരം മിന്നാമിന്നികള്‍
ആലോലമീ തളിര്‍ തെന്നലില്‍
അലിയും മലര്‍ സുഗന്ധം
കനവുകള്‍ പൂക്കുമീ രാവിതില്‍
രാവിന്‍ പൂവേളയില്‍
തേടുന്നെന്നും ഏതോ രാഗം സാന്ദ്രമാം എന്റെയുള്ളം

2009, മാർച്ച് 29, ഞായറാഴ്‌ച

നിളാ വിലാപം

ഇന്നും ഉയര്‍ന്നിതാ-നിള തന്‍ വിതുംബലൊരു
മരുഭൂവില്‍ ഉയരുന്ന രോദനം പോല്‍
അന്ന് നിന്‍ തെളിനീരമൃതമായ് മനുജര്‍ക്ക്
ഇന്നു നീ ജീവനായ് കേണിടുന്നു
ഒരു നാളില്‍ അല തള്ളി ആനന്ദ നൃത്തങ്ങള്‍
നൃതി ചെയ്ത നീയിന്നു തേങ്ങി നില്പൂ
പുളിനങ്ങള്‍ തഴുകും നിന്‍ കാല്‍ ചിലമ്പോലി
സ്വര താള ലയമിന്നലിഞ്ഞു പോയോ
ചെറുതാകും-ഒരു-ജീവ താളങ്ങള്‍ അലിയുമ്പോള്‍
തെളിയും മണല്‍ തിട്ട പഞ്ജരങ്ങള്‍
തഴുകും കുളിര്‍ കാറ്റില്‍ അലിയുന്ന നിശ്വാസം
ഒരു വേള നിന്നെ വിട്ടകലുന്നുവോ
തനയരെ പോലെ നീ കരുതി പുനല്‍ നല്കും
മനുജര്‍-ഇന്നു-ഉന്മത്ത ഭാവമോടെ
അരിയുന്നു നിന്നില്‍ നിന്നുയിര്‍ കൊണ്ട വിടപികള്‍
കരയുന്നിതാരണ്യം അംഗ-ഭംഗങ്ങാല്‍
ഒഴുകുന്നിതെന്നും നീ ഇനിയും തപസ്യയായ്
അവനിയുടെ കണ്ണുനീര്‍ ചാല് പോലെ
പകരുവാനുണ്ടെന്നും അരുമ കിടാങ്ങള്‍ക്കു
കുടിനീരും ജീവനും-തന്നുയിര്‍ വിരാമം വരെ
ഇനിയെന്ന് നിന്നിലെ തുടി താളമലതല്ലും
ഇനിയെന്ന് നിന്നിലെ തണ്ണീര് കുതി കൊളളും
അറിയില്ല എന്നാലും ഒരു നല്‍ പ്രതീക്ഷയോട്-
അഹസ്സില്‍ നിന്നാര്‍ക്കലി തേടുന്നീ നദിയുള്ളം

2009, മാർച്ച് 25, ബുധനാഴ്‌ച

സ്വപ്നോത്സവങ്ങളില്‍

മഞ്ഞിന്‍ കുളിര്‍ കൂടാരം അതില്‍ മന്ദാരപൂ പൈതല്‍
വല്ലരി പൂത്ത മുല്ല പൂവിന്‍ ഗന്ധം പേറി തെന്നല്‍
കിന്നരി ചോലയില്‍ ചിന്നും പളുങ്ക് നീര്‍ മുത്തുകള്‍ തേടി നീന്തും
സ്വര്‍ണ മരാള യുഗ്മമായ് ഇന്നു നാം സ്വര്‍ഗങ്ങള്‍ തേടിടുമ്പോള്‍
അഴകൊഴുകും നിന്റെ ഹാസം അതിലോല വര്ഷം
അനുരാഗ നീര്‍ക്കയം അതില്‍ അലിയുന്നു നമ്മള്‍
കനവില്‍ കിനാ കടലില്‍ കളിയോടമായ്‌ നിലാ പാലാഴിയില്‍
ഒഴുകുന്ന മോഹങ്ങള്‍ സ്വപ്നോത്സവങ്ങളില്‍
ഒരു നൂറു മഴവില്ല് തീര്‍ക്കുന്ന സന്ധ്യയായ്
അരികിലേക്കെത്തുന്നോരനവധ്യ ഭാവമായ്
ചരേയണഞ്ഞു നീ ശാലീന രൂപിണി
തീരം മലര്‍ തീരം നാമിരുമെയ്യില്‍ ഒരു ഭാവമാകുന്ന നേരം
മനസിന്റെ ചില്ലയില്‍ കുറുകും കിനാ പക്ഷി
തെളിയുന്ന ഗഗനത്തില്‍-ഉയരുന്ന പോലെ
ചിറകാര്‍ന്ന സ്വപ്‌നങ്ങള്‍ ഒരു രാഗമായ്
സഖി നിന്റെ ചുണ്ടില്‍ അത് ഗാനമായ്

2009, മാർച്ച് 23, തിങ്കളാഴ്‌ച

കവിതാ നുറുങ്ങു



ഒരു കവിതാ നുറുങ്ങു ഞാന്‍ ചൊല്ലിടാം പണ്ടെങ്ങോ
ബോബനും മോളിയില്‍ വന്നോരീ സംഭവം
ഒരു നാളില്‍ ഗ്രാമത്തില്‍ ഉത്ഘാടനത്തിനു
വരവായി കവി ശ്രേഷ്ടന്‍ കുഞ്ഞുണ്ണി മാഷ്‌
ഒരു ചെറു പ്രസംഗം തീര്‍ത്തിട്ട് മെല്ലെയൊരു
കവിതാ ചൊല്ലീടുവാന്‍ ഡയറി നൂര്‍ത്തു
കണ്ണട തെല്ലേ ഒതുക്കി തന്‍ വദനത്തില്‍
ചൊല്ലുവാന്‍ തുടങ്ങി തന്‍ പാരായണം
"
ഒരു മുണ്ട് !
രണ്ടു തോര്‍ത്ത്‌ !!
അഞ്ചു കുപ്പായം !
നാല് ബനിയന്‍ ...

ഇതു കെട്ട് ഹര്‍ഷാരവങ്ങള്‍ ഉയര്ന്നവിടെ
ബലേ ഭേഷ് ബലേ ഭേഷ് വിളികള്‍ ഉയര്ന്നവിടെ
മനോഹര കാവ്യമെന്നര്‍ത്തു ജനങ്ങള്‍
പെട്ടെന്ന് നിര്‍ത്തി തന്‍ പാരായണം മാഷ്‌
ഇത്ഥം ഉര ചെയ്തു സദസ്യരോടായ്
മാപ്പു നല്‍കീടണം പേജ് മാറിപ്പോയി
അലക്കുവാന്‍ നല്കിയ തുണിയുടെ കണക്കിത്!!!





2009, മാർച്ച് 19, വ്യാഴാഴ്‌ച

തെന്നല്‍ കിളി


ചെല്ലക്കുഞ്ഞിപൂവിനുമ്മ കൊടുത്തു
തെന്നല്‍ കിളി വരുന്നു
ഒരു കല്യാണ ചിന്ങാരം ചൊല്ലി കളിയാടി
ആടികുഴഞ്ഞെത്തുന്നു
നിന്‍ തൂവല്‍ സ്പര്‍ശവുമായ് എന്‍ ചാരേ എത്തിയല്ലോ
ഉള്ളിന്‍ ഉള്ളില്‍ എന്നും പൂക്കും പൂങ്കുളിര്‍ പൂവുലഞ്ഞു
പാതി ചാരിയ ജാലക വാതില്‍ നീ മെല്ലെ തുറന്നുവല്ലോ
ഉള്ളില്‍ കടന്നു വന്നെന്നിലെ ആശകള്‍പുല്‍കി ഉണര്‍ത്തിയല്ലോ
കൈകളില്‍ ഏന്തുമീ പൊന്‍പൂവസന്തതിന്‍ വാസനതാലപ്പൊലി
കനവുകളിലിന്നു നീ തൂകുന്നു മോഹങ്ങള്‍ക്കായിരം സൌഗന്ധികം


2009, മാർച്ച് 13, വെള്ളിയാഴ്‌ച

ഇന്നത്തെ നാട് ഇതേതു നാടു?


നാടു നന്നാവില്ല നന്നാക്ക വേണ്ട നാം
നാമീ ധര തുണ്ടില്‍ ചെളിമണ്ണില്‍ അട്ട പോല്‍
ഭഗവാന്‍ കനിഞ്ഞു കടാക്ഷിച്ചൊരീ ഭൂമി
കാരുണ്യമില്ലാതെ മലിന തരമാക്കുന്നു
ഇരു പാര്‍ട്ടി മാറി ഭരണം നടത്തുമ്പോള്‍
ഉരുവാകുമോ ഇവിടെ നാടിന്‍ വികസനം
ഒരു പാര്‍ട്ടി വികസനം പുറകോട്ടടിക്കുമ്പോള്‍
മറു പാര്‍ട്ടി വികസനം കടല്‍ കൊള്ളയാക്കുന്നു
വേര്‍-ഒരു പാര്ട്ടി ഇവിടില്ല അതും ദുഃഖ സത്യം
ധീരനാം നേതാവ് ധീരം നയിക്കുകില്‍
ലക്ഷങ്ങള്‍ പിന്നാലെ എന്നണികള്‍ ആര്‍ക്കുന്നു
ലക്ഷങ്ങള്‍ കിട്ടുന്ന കാര്യങ്ങള്‍ ഓര്‍ത്തിട്ടു
ലക്ഷ്യങ്ങള്‍ നേടാന്‍ നേതാവ് നീങ്ങുന്നു
മന്ത്രിമാരെല്ലാം എല്ലാ ദിനങ്ങളും
കല്ലിടീല്‍ കല്യാണം ശവദാഹമിങ്ങനെ
അല്ലെങ്കില്‍ ജാഥകള്‍ എതിര്‍ വാക് പ്രയോഗങ്ങള്‍
ഇല്ലില്ല സമയം തന്‍ നാടിനായ് ചിന്തിയ്ക്കാന്‍
കൊലപാതകങ്ങള്‍ എതിര്‍ വാക് പ്രയോഗങ്ങള്‍
പെരുകും മത ഭ്രാന്തു രാഷ്ട്രീയ ഘോഷങ്ങള്‍
മാധ്യമ ക്കൂടങ്ങള്‍ ആഘോഷം ആക്കുമ്പോള്‍
നാമെല്ലാം അത് കണ്ടു സമയം കളഞ്ഞിടും
ഒരു നല്ല വികസന പദ്ധതി നിരൂപിക്കാന്‍
ഒരു നല്ല വിശകലനം അതിനായ് നടത്തുവാന്‍
ഒരു നല്ല നാളെയുടെ സ്വപ്‌നങ്ങള്‍ നല്‍കുവാന്‍
ഒരു മാധ്യമം ഇന്നു മുന്നോട്ടിറങ്ങുമോ?
നാടിന്‍ ഗതാഗതം പാടെ നിലപ്പിച്ചു
കൊണ്ടാടും ഉല്‍സവം പെരുനാളും ഈ റോഡില്‍
ഒരു നൂറു പാര്‍ട്ടിയുടെ സമ്മേളനങ്ങളും
എല്ലാമീ നടു റോഡില്‍ തന്നെ നടത്തണം
ലക്ഷ കണക്കിന് പെരുനാളും ഉല്‍സവം
സമ്മേളനങ്ങളും പല പല ദിനങ്ങളായ്‌
ഉച്ച ഭാഷിണിയില്‍-ഒച്ച വച്ചിടും നേരത്ത്
ഒട്ടും നശിക്കില്ലേ മനസിന്‍ സമാധാനം
മാറ്റം തുടങ്ങണം നിന്‍ മനസിന്‍ ഉള്ളിലായ്
അത് നീ പകരണം നിന്‍ വാര്‍ഡ്‌ മെബറില്‍
അത് നടത്തീടണം നിന്‍ ഗ്രാമ നഗരങ്ങള്‍
അതുവഴി നിന്‍ നാടിന്‍ മാറ്റങ്ങള്‍ കണ്ടിടാം
മാറ്റം തുടങ്ങണം നാടിന്റെ ഭരണത്തില്‍
അത് താന്‍ പകരണം ഗ്രാമ നഗരങ്ങളില്‍
അത് നടപ്പക്കേണം വാര്‍ടിന്‍ തലങ്ങളില്‍
അത് വഴി നാടിന്റെ മാറ്റങ്ങള്‍ കണ്ടിടാം
മാറ്റം തുടങ്ങണം നിന്‍ മനസിന്‍ ഉള്ളിലായ്
പൊതു വഴിയില്‍ തുപ്പില്ല ചവറുകള്‍ ഇടില്ല ഞാന്‍
ബന്ദുകള്‍ നടത്തില്ല പൊതു മുതല്‍ മുടിക്കില്ല
അതുവഴി നിന്‍ നാടിന്‍ മാറ്റങ്ങള്‍ കണ്ടിടാം
മാറ്റം തുടങ്ങണം നിന്‍ മനസിന്‍ ഉള്ളിലായ്
ആചാര മര്യാദ കുട്ടികളില്‍ എകണം
അപരനെ മാനിക്കും ഒരു നല്‍ തലമുറ
അത് വഴി വാര്‍ത്തിടാന്‍ ആകും നമുക്കിന്നു
രാഷ്ട്രീയം മതം ഇവ രണ്ടും പറവതു
നല്ലതല്ല എന്നാലും ആവില്ല പറയാതെ
മനസ്സില്‍ ഉയര്‍ന്നിടും രോഷതിന്‍ ഒരു തുള്ളി
ചൊല്ലി കുറിച്ചിടുന്നിവിടെ നിങ്ങള്‍ക്കായ്.

വസന്തം 3

പൊന്‍തൂവല്‍ ചിറകുവീശി
പൂവസന്തം ചാരെയെത്തി
തേന്‍ തൂവുമാശകള്‍ തന്‍
വര്‍ണ ശലഭം പാറി വന്നു
ചെമ്പനീര്‍ പൂ മൊട്ടു മേലെ-യൌരു
ചുംബനം നല്കി ഉണര്‍ത്തുന്ന കാലം
മുഗ്തയാം ഈ ഭൂമി തന്നില്‍ ഒരു
നൃത്ത ലാസ്യ വിലോല സംഗമം
താരുണ്യ തീരങ്ങളില്‍ തേടുന്ന പുഷ്പോധയം
പൂനിലാ പുളിനങ്ങളില്‍ പകരുന്ന സൌഗന്തികം
കൊഴിയാത്ത മോഹങ്ങളില്‍ തെളിയുന്ന സ്വപ്നങ്ങളില്‍
വിരിയുന്നതീ മണ്ണിതില്‍ കരളിന്റെ താളം
പൂവിതള്‍ മേലെയോരോളി വീശി ഉതിരുന്ന
പൊന്‍ കതിര്‍ രശ്മിയായ് വിരിയുന്ന ജാലം
ഒരു നൂറു ജന്മങ്ങളായ് തിരയുന്ന മോക്ഷങ്ങളില്‍
പകരുന്നോരോര്‍മയായ്‌ ഈ പൊന്‍ വസന്തം

വസന്തം 2

വാരിളം പൂം കൈകളില്‍
വാസന പൂ താലമേന്തി
വാനില്‍ നിന്നും വിരുന്നു വന്ന
വാസന്ത കന്യകേ
വല്ലിയില്‍ വന ജ്യോത്സ്നയില്‍ നീ
പുല്‍കിടുന്ന വേളയില്‍
കല്ലിലും പൂം കാറ്റിലും നീ
നല്‍കിടുന്നു സൌരഭം
നിന്‍ കടാക്ഷമതെന്നില്‍ ഏല്‍ക്കുമ്പോള്‍
ഉള്ളമെല്ലാം നിറഞ്ഞിടും
ചൊല്ലിടുന്നൊരു ഗാനമായത്-
എന്നില്‍ നിന്നുമുയര്‍ന്നിടും

വസന്തം 1

പുഞ്ചിരി പൂ വിരിഞ്ഞു നിന്‍ മുഖ വാടിയില്‍
പഞ്ചമി തിങ്കള്‍ ഉദിച്ചു നിന്നു
ഒരിക്കലും മായാത്ത ഒരു നല്‍ വസന്തമായ്‌
അരികെ നീ എന്നും നിന്നിരുന്നു

ശാലീനതേ നിന്‍ ചാരുത തേടി ഞാന്‍
ചാരത്തു വന്നിടും പൂ പതംഗം
കാതരമാമൊരു പൂമുഖ വാടിയില്‍
തേന്‍ കണ മൊന്നു നുകര്‍ന്ന് നിന്നു


മഞ്ഞൊഴിഞ്ഞെത്തുന്നീ വസന്തോദയം
മഞ്ഞ കസവുടുത്തെതിരേല്‍പ്പൂ നിന്റെ-
കുഞ്ഞിളം പൂ മേനി തരളിതമാക്കുന്ന
പൊന്നൊളി പൂമേട തീര്‍ത്തിടുന്നു എങ്ങും-

നാടോടി ഗാനം

തപ്പും തുടിയും കൊട്ടി പോകാം
നാമോപ്പം മാമാലകളേറാം
പുത്തന്‍ താളമോടെ കൊട്ടും പാട്ടുമായ്
എത്തും വാടികളില്‍-ആടാം

തൊട്ടാവാടി പെണ്ണിന്‍ പിണക്കം
മൊട്ടിന് പൂക്കള്‍-ആകാന്‍ തിടുക്കം
വണ്ടിന്‍ താളമോത്തു-തുള്ളാന്‍ മോഹമോടെ
തണ്ടില്‍ പൂവിന്‍ തലയാട്ടം

നുര പൊങ്ങും ലഹരിയെന്‍ സിരയില്‍
സുര ലോകം തീര്‍ക്കുമീ രാവില്‍
നൃത്ത-ചോടുമായ്-എത്തും സുന്ദരികള്‍-
ക്കൊപ്പം ആട്ടമാടാം

അനുരാഗമേ

അനുരാഗമേ
അനഘ വിലോലയാം ഒരു രാഗമേ
ആയിരം രാഗങ്ങള്‍ അലിയുന്ന ലോലമാം
അകതാരില്‍ ഉയരുന്ന പ്രിയ ഭാവമേ .
കാതരമാം ഉള്ളം ഉണരുന്ന താളം
കാമിനി നിന്‍ കണ്ണില്‍ വിരുയുന്ന രാഗം
അഴകിന്‍ തിരി നാളമൊളി വീശുമാമോദ
വദനത്തില്‍ തെളിയുന്ന പുതു രാഗമേ
തെളിയുന്ന വാനം അതിലോഴുകുന്ന മേഘമായ്
മനസിനെ മാറ്റുന്നോ-രനുഭൂതിയായ്
കനവില്‍ ആനന്ദ തേന്‍ മുത്തു തൂകുന്ന
പ്രിയതര ഭാവമാം- അനുരാഗമേ

കുട്ടിപ്പാട്ട് 2

പൂമുല്ല പൂക്കളിറുക്കാം
പൂമാലകള്‍ തീര്‍ക്കാം
മാകന്ദ കനികള്‍ വീഴ്ത്തും
മാരുതനൊടിഷ്ടം കൂടാം
മരമേള കാവില്‍
വിഹാരം നടത്തിടാം
കുയില്‍ നാദം-ആര്‍ക്കുമ്പോള്‍
എതിര്‍ പാട്ടു പാടിടാം
കുളിര്‍ ചോലയില്‍ പോയ്
ജലം തേവി നിന്നിടാം
പരല്‍ മീന്‍ കിടാങ്ങളെ
തിരഞ്ഞു നോക്കാം
തെളിവാര്‍ന്ന മാനത്തു
പറക്കും വിമാനതിന്‍
ഗതിച്ചാല് കാട്ടിടാം
കളിക്കൂട്ട-മാര്‍ത്തിടാം
________________________________
ഒരു നൂറു വര്‍ണങ്ങള്‍
വിരിയുന്ന ബാല്യത്തിന്‍
അനവധ്യ തീരങ്ങള്‍
തിരഞ്ഞു പോകാം

യമുനാ വീണ്ടുമൊഴുകി

യമുനാ വീണ്ടുമൊഴുകി വിരഹ-താപമോടെ
യദുകുല നാഥാ നീയെവിടെ നിന്‍
മുരളീ നാദമെവിടെ നിന്റെ-
പ്രിയതമ രാധയിന്നെവിടെ


വേണു-വിനോദ-വിലോല-വിരാവം
ഗോക്കളില്‍ പാല്‍ ചുരത്തുന്നവിരാമം
ഗോകുലമാകെ ഒഴുകീ നന്മകള്‍
ഗോപികമാര്‍ കളിയാടി-- അന്ന്-


ആനന്ദ-ഘോഷമന്നീ നദീ തീരം
ആമോദമാര്‍-ന്നെതുമാ ജീവജാലം
അമ്പാടി നാഥാ അഞ്ജന വര്‍ണാ
നിന്നെ തേടി ഞാനൊഴുകി --എന്നും

മാരിവില്‍ പന്തല്‍

മാരിവില്‍ പന്തല്‍ തീര്‍ക്കും
മാനസ കൊട്ടാരം
പൂമരം പൂക്കള്‍ പെയ്യും
പൂനിലാ താഴ്വാരം
ആയിരം വര്‍ണമായ് വാനവില്ലേറിടാം
ആരുമാറിയാതെങ്ങും പാറിപ്പറന്നിടാം
ഈ ചിരി ചന്തം നിന്നോമന ചുണ്ടില്‍
ചേര്‍ന്നിരുന്നാല്‍ ഉള്ളില്‍-ഏകുന്ന ഹര്‍ഷം
പൂവേളയില്‍ പാല പൂവിടും പോല്‍
പുണരുമോരുന്മാദ നീര്‍ക്കയം പോല്‍
പൂവാടികള്‍ തോറും എന്നുമെന്നും
ചിറകുള്ള പുഷ്പങ്ങളായി നമ്മള്‍
ഒരു നൂറു മോഹത്തിന്നിതളുകള്‍ കോര്‍ത്ത്‌ കോ-
ണ്ടൊരു സ്വോപ്ന ഹാരമാണിഞ്ഞു നമ്മള്‍.

കണ്ണില്‍ കണ്ണില്‍ നോക്കും നേരം

കണ്ണില്‍ കണ്ണില്‍ നോക്കും നേരം
കണ്ണാടിപ്പുഴ ചാഞ്ചാടി
കള്ളിപ്പെണ്ണെ നിന്നെ കാണാന്‍
വന്നെത്തുന്നു നിന്‍ തോഴന്‍
തരളിതലോലമായ് മധുമയ നേരമായ്
പകരും നിന്‍ നാദം സംഗീതം എന്നുള്ളില്‍
പുലരും നേരമായ് വിരിയും സ്വപ്നമായ്
അരികേ നീയെന്നില്‍ വന്നീടു എന്നെന്നും
അലനുരയും-ഒര-സുലഭമാം യാമങ്ങളില്‍
കരഗത-മായ-ആനന്ദ ഭാവകങ്ങള്‍
ലാസ്യ-വിലോലമായ് നിന്‍ പദ ചലനം
തഴുകും തീരങ്ങള്‍ തേടുന്നു സ്വപ്‌നങ്ങള്‍
അഴകിന്‍ ചോലയില്‍ ഉയരും വീചി നീ
തിരകള്‍ തേടുന്നൊരു സോപാനമായ് മാറീ ഞാന്‍
നിനവുകള്‍-ഒന്നാകും-ആശാതലം
കനവുകള്‍-പൂക്കുന്നോ-രീ-സംഗമം

ഗാനാലാപം

ഗാനം രാഗവിലോലം
ശ്രുതിലയതാള വിരാജിതം ഗാനാലാപം
കുഞ്ഞിളം പുല്‍ നാമ്പിലൊരു മഞ്ഞു കണമായ്
കിളി കൂജനം പാടുന്ന ചോലയിന്‍ മേലെ
ആതിരാ കുളിര്‍ വീശുന്ന തെന്നലായ്
ആകാശ മേഘങ്ങള്‍ തൂകുന്ന മോഹങ്ങള്‍
ആയിരം തളിര്‍ തീര്‍ക്കുന്ന പോല്‍
പൂ മധു കണം ചോരുന്ന ചുണ്ടിലോഴുകുന്ന
സുരഭില ഗാനാലാപം
ഉള്ളിന്റെ ഉള്ളിലെ നൊമ്പര പൂ മൊട്ടിന്‍
ഗന്ധം-ഉണര്‍ത്തുന്നോ-രന്നുഭൂതിയായ്
എന്നിലെ മോഹങ്ങള്‍-ഉരുകുന്നതിന്‍ മേലെ
എരിയുന്ന മണ്‍ചെരാതിന്‍ തിരി നാളമായ്
ആദ്യാനുരാഗ രോമ ഹര്‍ഷങ്ങളില്‍
ആദ്യം വിരിഞ്ഞോ-രാനന്ദ ലഹരിയായ്
അസുലഭ ഗാനാലാപം

താരാട്ട്

ആലോലമെന്നില്‍ ചായുറങ്ങു‌
തളിരെ തെന്മലര്‍ക്കിളിപൈതലേ
താലോലമാടി താനേ മയങ്ങു നീ
താമരപൂംപൈതല്‍ കണ്മണിയെ
താഴേ തളിര്‍മേയ് തളര്‍ന്നുറങ്ങാന്‍
താരാട്ട് പാടുന്ന താരാപഥം
തഴുകി കടന്നു പോം പൂന്തെന്നലെ
നീ തട്ടി ഉണര്‍ത്തല്ലേ പൂമ്പൈതലേ
കിനാ കണ്ടു മയങ്ങട്ടെന്‍ തേന്‍കിടാവ്
രാഗം മയങ്ങുന്ന വീണയായ് നീ
ശ്രുതി താളം നയിക്കുന്ന സംഗീതമായ്
നാദം നിലക്കുമൊരെന്‍ ജീവ പാതയില്‍
താളമായ് മേളമായ് വന്നതല്ലേ നീ
താനേ മയങ്ങു നീ പൊന്നോമലേ

കുട്ടിപ്പാട്ട്--കാറ്റ്

പൂനിലാക്കായലില്‍ നീരാടി വാ
പൂമണം വീശും കുളിര്‍ തെന്നലേ
പഞ്ചമം പാടുന്ന രാക്കിളി പെണ്ണിന്
താളം പിടിച്ചു നീ നാടോടി വാ
കോമരം തുള്ളുന്ന കൊവിലുണ്ടേ
പൂമരം പൂക്കുന്ന കാവുമുണ്ടേ
തത്തിക്കളിക്കുന്നരാലില കൂട്ടത്തില്‍-
ആയിരം ചിങ്ങാരം ചൊല്ലി വായോ
പച്ച പുതപ്പില്‍ ഞൊറികള്‍ നെയ്തു
പച്ച നെല്‍ പാടം കടന്നു വായോ
കുഞ്ഞിളം ചോലയില്‍ നീന്തിക്കളിക്കുന്ന
കുഞ്ഞുമീന്‍ കൂട്ടത്തെ കണ്ടു വായോ
താഴെ തൊടിയിലെ തേന്‍ ചുരത്തും
വാഴപ്പഴ തോപ്പിലോടി നീങ്ങും
അണ്ണാരക്കണ്ണനും കുഞ്ഞിക്കിളികള്‍ക്കും
കിന്നാരം ചൊല്ലി നീയോടി വായോ

റൊമാന്റിക്‌ 2

പ്രിയേ നിന്‍ രാഗമെന്നില്‍
യമുനയായ് ഒഴുകി
കിനാവിന്‍ തേരിലേറി
അരികിലെത്തി ഞാന്‍
വിലോലമീ യാമം തലോടുമീ തെന്നല്‍
മനസ് നിറയെ മധുരമേകും മൌന സല്ലാപം
പൂമരപൈങ്കിളി പാടിടുന്നു
പുഞ്ചിരി തൂകി പുഴയോരം
മഴവില്ലലിഞ്ഞിറങ്ങി നിമിഷങ്ങളില്‍
മന്ദഹാസങ്ങള്‍ പൂമഴയായ്
കണ്‍കളില്‍ കാര്‍ത്തിക രാവുദിച്ചു
കണ്മണി നിന്‍ മോഹം പൂവണിഞ്ഞു
നിന്‍ മനോരാജ്യമെങ്ങും ഉത്സവമായ്‌
മന്മഥ ദേവന്റെ ഉത്സവമായ്

രാഗ ധാര

ഒരു പാഴ്മുളം തണ്ടിലൂടെ
ഒഴുകീ രാഗ ധാര
ഒരു നാള്‍ കിനാവിലെന്നും
വരവായ് പ്രേമവര്‍ഷം
കുളിരാര്‍ന്ന ഗാനാലാപം
തഴ്ഹുകീ കിനാക്കളില്‍
തളിരാര്‍ന്നു മനസ്സിലെല്ലാം
വിടരും ഓര്‍മ്മകള്‍
അനഘ രാഗമായ് അതി വിലോലമായ് ഒരു ദേവ സംഗീതം
കനവുകള്‍ തന്നിലാര്‍ദ്രമായ് മനസുകള്‍ സാന്ദ്രമായ്....

റൊമാന്റിക്‌ നൈറ്റ്

പൂര്‍ണേന്ദു ബിംബം പാല്‍ക്കുടം തൂകിയ
പാരിജാതമലര്‍ തോപ്പില്‍ -ഒരു
പാതിരപക്ഷിപാടിയ പാട്ടിന്‍
പല്ലവിയായി നീ ദേവി
പൂമുത്തു തൂകുന്ന പൂമുല്ലയില്‍ നിന്റെ
പുഞ്ചിരി കണ്ടു ഞാനെന്നും
പൂമണം വീശുന്ന പൂങ്കാറ്റിലും നിന്റെ
പൂര്‍ണമാം രാഗം ഞാനറിഞ്ഞു
താരകങ്ങള്‍ തിങ്കളൊത്ത് വിരുന്നു വന്നു
താഴെയീ താഴ്വര പൂഞ്ചിറയില്‍
തരളമായ് മാറും രാവിതില്‍ സഖി,
തളിര്‍ക്കുന്നിതാ നിന്റെ മോഹം.

2009, മാർച്ച് 12, വ്യാഴാഴ്‌ച

മാരിവില്‍ പാടം തേടിടും

മാരിവില്‍ പാടം തേടിടും നേരം
മേഘമൊരു ചങ്ങാതിയായ്
കുങ്കുമ ചാര്‍ത്തില്‍ മുങ്ങിടും സന്ധ്യേ
നീയുമൊരു പൂവാടിയോ
കൂടണയുവാന്‍ അന്തി മാനത്ത് ചേക്കേറും
രാഗ രവിയായ് ഉള്ളമാകുന്ന നേരം
താരക പൂക്കളാല്‍ പൂവസന്തം -സഖി
താരിളം ചന്ദ്രനായ് നീ വിരിഞ്ഞു
വെണ്മതി നീ വെണ്ണിലാമഴ തൂകുമ്പോള്‍
വന്നിടാം ഞാന്‍ എന്നുമാ നിലാ ചോട്ടില്‍
പൂനിലാ പൂമഴ ഞാന്‍ നനയാം-നിന്‍
വാരിളം പൂമെയ്യില്‍ ഞാനലിയാം

കാര്‍ത്തിക രാഗം

കാര്‍ത്തിക തിരി വച്ചു കല്‍ വിളക്കുഴിയുമ്പോള്‍
കണ്മണി നിന്നെ ഞാന്‍ നോക്കി നിന്നു
കടക്കണ്ണില്‍ ആയിരം പൊന്‍ തിരി വിരിയുമ്പോള്‍
ചിതറുന്ന പ്രേമത്തിന്‍ പൂത്തിരികള്‍
ദീപങ്ങലായ് ഉള്ളില്‍ എരിയുന്ന രാഗം
അതിലോമല്‍ പ്രകാശമായ് നിന്‍ വദനം
ഒരിക്കലും-അണയാത്ത ഒരു മണ്‍ചെരാതിലെ
തിരിയായ് വെളിച്ചമായ് നീ വരില്ലേ
പൂര്‍ണേന്ദു പുഷ്പമായ് ചൂടുമീ യാമിനി
പൂനിലാ പൂക്കളം തീര്‍ക്കയായി
തരളിതമാകുന്നോരെന്‍ മന പൊയ്കയില്‍
ഒരു നള മുകുളമായ് വിരിയുകില്ലേ

പുലരൊളി


പുലരൊളി പൂ വിരിഞ്ഞു -എങ്ങും
കതിരൊളി വീശി നിശാന്തമായി
പൊന്‍ വയല്‍ പൂക്കളും കണ്‍ ചിമ്മി ഉണര്‍ന്നു
മഞ്ഞിന്‍ കണങ്ങള്‍ ഉതിര്‍ന്നു വീണു -എങ്ങും
തരളമാം പൂന്തെന്നല്‍ കുളിര് നല്കി

കാനന മേടയില്‍-അനേകജ ജാലം
കൂജന-മാര്‍ത്ത് ഉണര്‍ത്തുന്നൊരീ നാദം
അരുണിമ നീങ്ങി തെളിയുന്ന മാനത്ത്
ഉയരും പനങ്കിളികള്‍, ഒഴുകുന്നു മേഘം

സുപ്രഭാതത്തിന്‍ ഈരടി പുല്‍കി
നിത്യവും-ഉണരുന്നീ ഗ്രാമം -എങ്ങും
നന്മകള്‍ വിളയുന്ന കേദാര ഭൂമിയില്‍
ഉഷ കാല കുളിരേന്തി ഒഴുകുന്ന വാഹിനി

കുഞ്ഞിളം പൂങ്കുരുന്നേ

കുഞ്ഞിളം പൂങ്കുരുന്നേ
കുഞ്ഞോമല്‍ തേന്‍ കുരുന്നെ
മഞ്ഞല ചാര്‍ത്ത് നെയ്യും
മണ്ണിന്‍ വസന്തോദയമേ
ഒഴുകിടും തെന്നല്‍ നിന്റെ
തരള വിലോല മെയ്യില്‍
തഴുകിടും നേരമിതില്‍
തുടരും വിലാസ നൃത്തം
പകരുക നീ ഹൃദയ തടങ്ങളില്‍
അസുലഭ താള വിരാജിത മേളം
ദല മര്‍മരങ്ങള്‍ തന്‍
ശ്രുതി കേട്ടുണരു നീ
സുരഭില ഗന്ധമായ് നീ
വരികെന്‍ ധമനികളില്‍
ചോരിയുക നീ നയന തടങ്ങളില്‍
അഴകിന്‍ പൂമധു അലിയുന്ന വേള

അക്കരക്കാവില്‍ ഉല്‍സവം

അക്കരക്കാവില്‍ ഉല്‍സവം
ഇന്നു ചിത്തിര പെണ്ണിന്‍ കല്യാണം
മുത്തു കുട ചൂടി മഴ മേഘ ഘോഷ യാത്ര
മിന്നല്‍ തൂവും പൂര കാഴ്ച കമ്പക്കെട്ടും മേളം
മരം കൊത്തി ചുണ്ടാല്‍ തട്ടും പൊന്നിന്തരു ഇടക്ക
ഒരു മയില്‍ പീലി -തെയ്യം ഒഴുകിടും കുയില്‍ നാദ കച്ചേരി
മുല്ലപൂ വല്ലികള്‍ നെയ്ത തോരണ തൊങ്ങല്‍
ചില്ല കൊമ്പില്‍ കള്ള കുരുക്കിത്തി ചെല്ല കുരവ മേളം
വരവായ് ഉത്സവനാള്‍ ഈ കാവില്‍
മഴ ആറാട്ട്‌ തീര്‍നാല്‍ കൊടിയിറക്കം

സ്വരരാഗ സുധ

സ്വര മണി മുത്തുകള്‍ കോര്‍ത്തു ഞാന്‍ ഒരു രാഗ ഹാരം തീര്‍ത്തു
അരിയ ഗളത്തിലായ് അതു ഞാന്‍ ചാര്‍ത്തുമ്പോള്‍
അറിയാതെ നീയും പാടി - അതിന്‍
അനുപല്ലവി നീ ഏറ്റു പാടി
നിന്നിളം ചുണ്ടില്‍ നിന്നൊഴുകുന്ന രാഗങ്ങള്‍
പല വര്‍ണ ശലഭങ്ങളായി
മന മലര്‍വാടിയെ തഴുകുന്ന പൂങ്കാറ്റില്‍
ഒരു നല്‍ കിനാക്കളായ് പാറി
അവ എന്നിലെ സ്വപ്നങ്ങളായി
സ്വരരാഗ സുധയൂറും നിന്‍ ഗാന പുഷ്പങ്ങള്‍
ഒരു സൌരഭ തേര് തീര്‍ത്തു -അതില്‍
ഉയരുന്ന നേരമെന്‍ കുളിരാര്‍ന്നോ-രകതാരില്‍
അനുഭൂതി പാല്‍ക്കുടം തൂകി
ഒരനുരാഗ ഗാനമായ് മാറി-ഞാനും

2009, മാർച്ച് 11, ബുധനാഴ്‌ച

പ്രേമ ഗായകന്‍

നാണം തൂവും ചെല്ല കവിളില്‍ ചെമ്മാനപൂ വര്‍ണം
വാരി തൂകും അല്ലി ചൊടിയില്‍ മുല്ല പൂവിന്‍ ചന്തം
ഒരിക്കലും ചോരാതെന്നും മായാ മന്ദഹാസം
ചൊരിഞ്ഞിടും ചുണ്ടില്‍ ഒരു വണ്ടായ് -എത്തിടും ഞാന്‍
മലരമ്പന്‍ തീര്‍ത്തൊരീ അഴകിന്റെ കൊട്ടാരത്തില്‍
അരചനായ് വാഴാന്‍ എനിക്ക് മോഹം
അനുരാഗ പൂമഴ നനഞ്ഞു നാമെന്നും
അഴകിന്റെ താഴ്വര തീരം തേടി പോകാം
നിനക്കായോരോമല്‍ പൂവില്‍ ഗന്ധം തൂകി കാലം
അതിന്‍ സൌരഭത്തേരേരി എത്താം നിന്റെ‌ള്ളില്‍
ചിറകടിച്ചണയും നിന്‍ മിഴിയിണ കിളികളില്‍
ഒഴുകുന്ന നാണം കിനാ തേരിലേറി .

പ്രേമ ഗായിക

വാരിളം പൂന്തെന്നലേ വാനിലൊഴുകും തിങ്കളേ
മാരി മുകിലില്‍ പീലി വിടരും വര്‍ഷ ബാഷ്പ മയൂരമേ
ദൂരെയുള്ളാ മാരനവനായ് ദൂത് പോരാമോ
പ്രേമ ദൂത് പോകാമോ
യദുകുല പുരിയില്‍ കണ്ടില്ല യമുനയിന്‍ കരയില്‍ കണ്ടില്ല
യാദവാ നിന്‍ വേണു നാദവും കേട്ടില്ല
രാധ തന്‍ രാഗം മറന്നുവോ നീ
രാവിതില്‍ നിന്നെ തിരഞ്ഞിടുന്നു നിന്റെ മുരളിക കാതോര്‍ത്തിടുന്നു
വേനലില്‍ ധരയും രാഗാര്‍ദ്രം നീരദം പേറുന്നാകാശം
മേദിനി മേലെ കുളിരായ് നീ വര്‍ഷമായ് പെയ്യു‌ ഈ മണ്ണില്‍
പ്രേമ വര്‍ഷമായ് മാറു‌ എന്‍ മനസ്സില്‍
ചാരെയെത്തു‌ നീ മാറിലണയും ഹാരമാകാം ഞാന്‍

ആമോദഗീതം

ലളിത നടന താളം ഉള്ളില്‍
തിര ഉലഞ്ഞിടുമ്പോള്‍
നുര പതഞ്ഞ മോഹം എന്നില്‍
അലകള്‍ നെയ്തിടുമ്പോള്‍
അറിയാതുണരും മഹിതോന്മാദം
മധുരം ചൊരിയുന്നെന്നില്‍
കനവില്‍ കുളിരായ് മാറി
ഒരു നൂറു സ്വപ്‌നങ്ങള്‍
ഒരുമിച്ചു പൂക്കുമ്പോള്‍
താരക പൂ കടലില്‍
ഒരു താരിളം ചന്ദ്രികയായ്
തേനല പൂം ചൊടിയില്‍
ഒരു ഗാന വിപഞ്ചികയായ്
ഒഴുകും അമൃത കണം പോല്‍
അലിയും ഹൃദയ വിതാനം
എന്നില്‍ നിറയുന്നോരീ ഹര്‍ഷ യാമം
പൊന്‍ കിനാ ചെപ്പിനുള്ളില്‍
ഞാന്‍ കാത്തൊരാ പീലികളില്‍
പെരുകുന്ന ഹര്‍ഷമായി
ഇതള്‍ വിരിയുന്ന സ്വപ്നങ്ങളായ്
എന്നും വിടരും വിഭാതം
(എന്നില്‍ ) ചൊരിയും കതിരൊളിയായി
ഉള്ളില്‍ ഉണരുന്നോരാമോദ വേള

മഞ്ഞു ദേശത്തെ മകര മാസ പുലരി

മഞ്ഞിന്‍ പുതപ്പു നെയ്തു മകര മാസ പുലരി
മന്ദാരങ്ങള്‍ തൂകി നിന്നീ ധരയും തരുനിരകളും
കുളിരാര്‍ന്നൊരീറന്‍ കാറ്റില്‍ വിറയാര്‍ന്നു തനുവും
വരവായ് വെണ്‍ പട്ടു ചുറ്റി യൊരു കൌതുക ലോകം
അരുണ കിരണമൊളിച്ചു നിന്നാകാശ മേടയില്‍
അവനിതന്‍ പൂമ്പട്ടു മാറ്റാനവന് നാണമോ ?
ആര്‍ത്തമാഃ കരങ്ങളാല്‍ ചെര്‍ത്തിതവള്‍ തന്‍
വെള്ളാടകള്‍ അഴിച്ചു മാറ്റി ആര്ദ്രയാക്കു നീ
തളിരുകള്‍ തരുക്കളുള്ളില്‍ ഒളിച്ചിരിക്കുന്നു
തരളമാം വാസന്തം വന്നു ചേരുവാന്‍
തേന്‍കിളിപ്പാട്ടും താഴ്വരചൂടും
തഴുകും പുലരികള്‍ കണി കാണാന്‍ .

മേടമാസ പുലരി

ഈറന്‍ പൂംപട്ടുടുത്തു പൊന്നൊളിയില്‍ക്കളമെഴുതും
മേടമാസ പുലരിപെണ്ണാളേ
കതിരുതിരും മേനിയിലിന്നൊരു കുളിരലതെല്ലുണ്ടോ
അതിലോലമിന്നീയണിയും പൊന്നുടയാടകളും
അരിമുല്ല കാവിലെ അന്തി പടയണികണ്ടില്ലേ
കൊന്ന മരചോട്ടില്‍ മഞ്ഞപൂ ക്കണി വച്ചില്ലേ

അരുണനവന്‍ അണയുംമ്പോളതിലോലയായിനീ
തെളിയും നിന്നംബര വദനം പുഞ്ചിരി തൂകുന്നു
കനക മണി ചിലങ്കയിട്ട് നര്‍ത്ത നമാടീ നീ
കനവുകളില്‍ വരവര്‍ണ്ണ കൈനീട്ടം തന്നു

പൂവുകളില്‍ പൊന്നൊളി തൂകി പുലര്‍കാലം വന്നു
വിത്തെറിയാം മണ്ണില്‍ നീളെ പത്താമുദയത്തില്‍
ചെല്ലക്കിളി പാടുന്നെന്നും ചക്കക്കുപ്പുണ്ടോ
ചക്കര മാന്തോപ്പില്‍ നീളെ കൊട്ടനു വിളയാട്ടം

2009, മാർച്ച് 10, ചൊവ്വാഴ്ച

തുഷാരം- ചെറു പാട്ടു

മുറ്റത്തെ മുല്ലപ്പൂ പൈതലിന്‍ മേലെ
ഇറ്റിറ്റു നിന്ന തുഷാരമല്ലേ
തളിര്‍ തൊട്ടിലില്‍ആട്ടി തലോടുമീ തെന്നലില്‍
ഇറ്റു സുഗന്ധം നീ തന്നയക്കൂ

എത്തും പുലര്‍ കാല പുത്രിയല്ലേ
നിന്നിലെത്തുന്ന സൂര്യാംശു വേഷമല്ലേ
വാരിളം പൂവിന്‍ മേല്‍ ചേലെഴും ചേലയായ്
മാരിവില്‍ പുഞ്ചിരി ബന്ധുര ചന്തമായ്

ഇത്ര ക്ഷണികമാം ജന്മമെന്നാലും നീ
ചിത്തം നിറച്ചു നീ ആമോദമേകിടും
പൃഥ്വി തന്‍ മാറില്‍ അലിഞ്ഞിറങ്ങും മുമ്പെ
ബാഷ്പമായ് വായുവില്‍ മറഞ്ഞു പോകും മുമ്പെ

ശോക രാഗം

ദൂരെ അന്തിസൂര്യന്‍
തിരി നീട്ടി നീട്ടി നിന്നു
എരിയുന്ന താപമെല്ലാം
അലിയുന്നു മെല്ലെ കടലില്‍

തെല്ലു നിന്നു മേഘം ഒരു യാത്ര ചൊല്ലി കേണു
തെങ്ങിടുന്നു മാനം ഒരു ശോണ നേത്രമോടെ
മനസിന്റെ ചില്ലയിന്‍ മേല്‍
ഒരു പൂംകിനാക്കിളി തേങ്ങി

തെളിവാര്‍ന്നു നിന്നിരുന്നു നീ നഭസ്സിന്റെ നാഭിയില്‍
വിരിയാര്‍ന്ന്‍-അംബുജങ്ങള്‍ നീ കനിയും രശ്മിയില്‍
പിരിയുന്നിതെങ്കിലും നീ
ഉയരുന്നിതെന്റെ -ഉള്ളില്‍ എന്നും -ഉയരുന്നിതെന്റെ -ഉള്ളില്‍




സ്വാന്തനം

മൂവന്തിപ്പോന്‍വെയില്‍ വിരല്‍ നീട്ടി എന്നോടോ-
രാര്‍ദ്രമാം സ്വാന്തനം ചൊല്ലിടുന്നു
തിരികെയെത്തീടും ഞാന്‍ ഒരു പൊന്‍ പുലരിയായ്
പിരിവതൊരു ഇരവിനായ് മാത്രമല്ലേ